---
title: "എരിശ്ശേരി, അവിയൽ, കൂട്ടുകറി, സാമ്പാർ.....പ്രവാസികൾക്ക് ആകാശത്ത് ഓണം ഉണ്ണാം; എയർ ഇന്ത്യ എക്സ്പ്രസിന്റെ 'ഓണസദ്യ' പദ്ധതിക്ക് തുടക്കം"
english_title: "Air India Express Serves Onam Sadhya On Flights From Aug 15 To 31"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/378377/ air-india-express-onam-sadhya-flights-aug-15-31"
published_at: "2026-08-13T18:55:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7dc624c0a1b_air-india-express-onam-sadhya-flights-aug-15-31.jpg"
keywords: ["Air India Express", "Onam Sadhya", "In-flight Meal", "PC Vishnunath"]
---

# എരിശ്ശേരി, അവിയൽ, കൂട്ടുകറി, സാമ്പാർ.....പ്രവാസികൾക്ക് ആകാശത്ത് ഓണം ഉണ്ണാം; എയർ ഇന്ത്യ എക്സ്പ്രസിന്റെ 'ഓണസദ്യ' പദ്ധതിക്ക് തുടക്കം

> **Lead Summary:** കൊച്ചി: ഈ ഓണക്കാലത്ത് വിമാനയാത്ര നടത്തുന്നവർക്ക് ഓണസദ്യ ആസ്വദിക്കാൻ അവസരമൊരുക്കുകയാണ് എയർ ഇന്ത്യ എക്സ്പ്രസ്. കേരളത്തിൽ നിന്ന് വിവിധ വിദേശ രാജ്യങ്ങളിലേക്കും തിരിച്ചുമായി യാത്ര ചെയ്യുന്നവർക്കുമാണ് ഈ അപൂർവ വിരുന്ന് ആസ്വദിക്കാൻ സാധിക്കുക.

## Article Content

കൊച്ചി: ഈ ഓണക്കാലത്ത് വിമാനയാത്ര നടത്തുന്നവർക്ക് ഓണസദ്യ ആസ്വദിക്കാൻ അവസരമൊരുക്കുകയാണ് എയർ ഇന്ത്യ എക്സ്പ്രസ്. കേരളത്തിൽ നിന്ന് വിവിധ വിദേശ രാജ്യങ്ങളിലേക്കും തിരിച്ചുമായി യാത്ര ചെയ്യുന്നവർക്കുമാണ് ഈ അപൂർവ വിരുന്ന് ആസ്വദിക്കാൻ സാധിക്കുക.

ഓഗസ്റ്റ് 15 മുതൽ 31 വരെയുള്ള തീയതികളിൽ യാത്ര ചെയ്യുന്നവർക്ക് ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ മുൻകൂട്ടി ഓണസദ്യ തിരഞ്ഞെടുക്കാവുന്നതാണ്.യാത്രയ്ക്ക് 18 മണിക്കൂർ മുമ്പ് വരെ എയർ ഇന്ത്യ എക്സ്പ്രസിന്റെ വെബ്‌സൈറ്റിലൂടെയോ മൊബൈൽ ആപ്പിലൂടെയോ സദ്യ ഓർഡർ ചെയ്യാം.

സംസ്ഥാന ടൂറിസം വകുപ്പ് മന്ത്രി പി സി വിഷ്ണുനാഥ് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. എയർ ഇന്ത്യ ഗ്രൂപ്പ് മാർക്കറ്റിങ്, ഇ-കോമേഴ്‌സ് മേധാവി സുനിൽ സുരേഷും ചടങ്ങിൽ പങ്കെടുത്തു. ആകാശത്ത് ഓണസദ്യ ഒരുക്കുന്നതിലൂടെ കേരളത്തിന്റെ സ്വന്തം ഉത്സവമായ ഓണത്തിന്റെ ഗൃഹാതുരത്വവും സംസ്കാരവും ലോകമെമ്പാടും എത്തിക്കാൻ സാധിക്കുമെന്ന് മന്ത്രി വിഷ്ണുനാഥ് അഭിപ്രായപ്പെട്ടു.

ഓണത്തിന്റെ തനിമ ഒട്ടും ചോരാതെ പരമ്പരാഗത രീതിയിൽ വാഴയിലയിലാണ് പ്രവാസികൾ ഉൾപ്പെടെയുള്ള യാത്രക്കാർക്ക് വിഭവങ്ങൾ വിളമ്പുന്നത്. മട്ട അരി, നെയ്, പരിപ്പ്, തോരൻ, എരിശ്ശേരി, അവിയൽ, കൂട്ടുകറി, സാമ്പാർ, ഇഞ്ചിപ്പുളി, മാങ്ങാ അച്ചാർ, ഏത്തക്ക ഉപ്പേരി, ശർക്കര വരട്ടി, പാലട പ്രഥമൻ എന്നിവ അടങ്ങിയതാണ് ഈ വിഭവസമൃദ്ധമായ സദ്യ.

കസവ് കരയുടെ ഡിസൈനിൽ തയ്യാറാക്കിയ പ്രത്യേക പാക്കറ്റുകളിലാണ് ഇത് യാത്രക്കാരുടെ കയ്യിലെത്തുന്നത്. 500 രൂപയാണ് സദ്യയുടെ നിരക്ക്.കഴിഞ്ഞ വർഷവും എയർ ഇന്ത്യ എക്സ്പ്രസ് ഇത്തരത്തിൽ വിമാനങ്ങളിൽ ഓണസദ്യ ഒരുക്കി വൻ വിജയം നേടിയിരുന്നു.

നിലവിൽ കേരളത്തിലെ നാല് വിമാനത്താവളങ്ങളിൽ നിന്നായി മാസം തോറും 2,850-ഓളം സർവീസുകളാണ് കമ്പനിക്കുള്ളത്. ഇതിൽ 70 ശതമാനം സർവീസുകളും അബുദാബി, ദുബായ്, ഷാർജ, ഖത്തർ, കുവൈറ്റ് തുടങ്ങിയ ഗൾഫ് മേഖലകളിലേക്കാണ്.

അതിനാൽ തന്നെ നാടണയുന്നവർക്കും തിരിച്ചെത്തുന്ന പ്രവാസികൾക്കും ഈ ഓണസദ്യ വലിയൊരു അനുഭൂതിയായിരിക്കും നൽകുക.

**English Summary:**

Air India Express will serve traditional Onam Sadhya on flights to and from Kerala between August 15 and 31. Passengers can pre-book the meal for Rs 500 up to 18 hours before travel via website or app. The sadhya will be served on banana leaves in special kasavu-design packets and includes 13 traditional dishes. Tourism Minister PC Vishnunath inaugurated the initiative. The airline operates around 2,850 monthly flights from Kerala, with 70% to Gulf destinations.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/378377/ air-india-express-onam-sadhya-flights-aug-15-31)